ബെംഗളൂരുവില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴു കോടി തട്ടി
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപ തട്ടിയെടുത്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. നഗരത്തിലെ ജയനഗറിലെ അശോക് പില്ലറിന് സമീപം രാവിലെ പത്തിനായിരുന്നു സംഭവം.
എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാഹനത്തില്‍ രണ്ട് ജീവനക്കാരാണുണ്ടായിരുന്നത്. അശോക് പില്ലറിന് സമീപമെത്തിയപ്പോള്‍ ഒരു ഇന്നോവ കാറില്‍ എത്തിയ സംഘം തങ്ങള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട്, പണം കൊണ്ടുപോയ വാഹനത്തിന് കുറുകെ കാര്‍ നിര്‍ത്തിയിട്ടു. ഇവര്‍ ഐഡി കാര്‍ഡുകള്‍ കാണിക്കുകയും രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വിശ്വസിച്ച ജീവനക്കാരെ വാഹനത്തിനുള്ളിലേക്ക് കയറ്റുകയും പണം ഇന്നോവ കാറിലേക്ക് മാറ്റുകയും ചെയ്തു. വിശ്വാസം ഉറപ്പിക്കുന്നതിനായി ജീവനക്കാരില്‍ നിന്ന് പല പേപ്പറുകളും സംഘം ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഡയറി സര്‍ക്കിളില്‍ എത്തിയപ്പോള്‍, ജീവനക്കാരെ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് കൊള്ളസംഘം ബെന്നാര്‍ഘട്ട റോഡിലൂടെ അതിവേഗം കടന്നു കളയുകയായിരുന്നു.