മുഹമ്മദ് അത്തര്‍ ഹുസൈനെ തല്ലിക്കൊന്ന സംഭവം: പ്രതികളെ രക്ഷിക്കാന്‍ ബിജെപി എംഎല്‍എ ശ്രമിക്കുന്നതായി ആരോപണം

Update: 2025-12-24 08:07 GMT

പാറ്റ്‌ന: ബിഹാറിലെ നവാദയില്‍ വസ്ത്ര വ്യാപാരിയായ മുഹമ്മദ് അത്തര്‍ ഹുസൈനെ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ ബിജെപി എംഎല്‍എ ശ്രമിക്കുന്നതായി ആരോപണം. ആര്‍ജെഡി നേതാവും ബിഹാര്‍ ശരീഫിലെ മുന്‍ എംഎല്‍എയുമായ പപ്പു ഖാനാണ് ബിജെപി എംഎല്‍എ കൗശല്‍ യാദവിനെതിരെ ആരോപണം ഉന്നയിച്ചത്. കേസിലെ ചില പ്രതികള്‍ ബിജെപി അനുഭാവികളാണ്. അതിനാല്‍ അവരെ സംരക്ഷിക്കാന്‍ കൗശല്‍ യാദവിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ആര്‍ജെഡിയിലെ ചില നേതാക്കളും ഈ ശ്രമത്തിന് കൂട്ടുനില്‍ക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഡിസംബര്‍ അഞ്ചിന് വൈകീട്ടാണ് ഒരു ആള്‍ക്കൂട്ടം മുഹമ്മദ് അത്തര്‍ ഹുസൈനെ ആക്രമിച്ചത്. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആറ് ദിവസം ചികില്‍സയില്‍ കഴിഞ്ഞ അദ്ദേഹം ഡിസംബര്‍ 12ന് മരിച്ചു.

ബിഹാര്‍ ശരീഫ് ജില്ലയിലെ ഗഗന്‍ ദിവാന്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നും നവംബര്‍ 28നാണ് മുഹമ്മദ് അത്തര്‍ ഹുസൈന്‍ കച്ചവടത്തിന് പോയതെന്ന് ഭാര്യ ശബ്നം പര്‍വീണ്‍ പറഞ്ഞു. 45 കിലോമീറ്റര്‍ അകലെയുള്ള നവാദയിലേക്ക് സൈക്കിളിലാണ് പോയത്. ഡിസംബര്‍ ആറിന് സുഹൃത്ത് അയച്ച വീഡിയോ കണ്ടപ്പോഴാണ് സംശയം തോന്നിയതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് ചാന്ദ് ഹുസൈന്‍ പറയുന്നു. തുടര്‍ന്ന് കുടുംബം മറ്റൊരു സഹോദരനായ മുഹമ്മദ് ഷാക്കിബ് ആലവുമൊത്ത് നവാദയിലേക്ക് പോയി. നവാദ സര്‍ദാര്‍ ആശുപത്രിയില്‍ കണ്ട മുഹമ്മദ് അത്തര്‍ ഹുസൈനെ കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് ആലം പറഞ്ഞു. പതിയെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. കച്ചവടത്തിന് ശേഷം സന്ധ്യയോടെ ഭട്ടാപൂര്‍ ഗ്രാമത്തിന് സമീപമായിരുന്നു മുഹമ്മദ് അത്തര്‍ ഹുസൈനുണ്ടായിരുന്നത്. സൈക്കിള്‍ പഞ്ചറായിരുന്നു. തൊട്ടടുത്ത് ചിലര്‍ തീകാഞ്ഞിരിക്കുന്നുണ്ടായിരുന്നു. അടുത്ത് പഞ്ചര്‍ അടക്കാന്‍ സൗകര്യമുണ്ടോയെന്ന് അദ്ദേഹം അവരോട് ചോദിച്ചു. മദ്യപിച്ചിരുന്ന ഈ സംഘം അദ്ദേഹത്തോട് പേര് ചോദിച്ചു. പേരു പറഞ്ഞതോടെ കൈയ്യിലുണ്ടായിരുന്ന പണം ബലമായി വാങ്ങാന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അടിച്ചു. തീ കത്തി കൊണ്ടിരുന്ന വടി കൊണ്ടാണ് ആദ്യം അടിച്ചതെന്ന് മുഹമ്മദ് അത്തര്‍ ഹുസൈന്‍ കുടുംബത്തോട് പറഞ്ഞു. പിന്നീട് വസ്ത്രങ്ങള്‍ എല്ലാം ഊരി. കൈകാലുകള്‍ കെട്ടി. ഇരുമ്പുവടി തീയിലിട്ട് ചൂടാക്കി മലദ്വാരത്തില്‍ കയറ്റി. പ്ലയര്‍ കൊണ്ട് ചെവികള്‍ മുറിച്ചു. വിരലുകള്‍ ഒടിക്കുകയും ചെയ്തു.

പിന്നീട് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പ്പിച്ചു. ബോധം നഷ്ടപ്പെട്ടപ്പോഴെല്ലാം വെള്ളം മുഖത്ത് ഒഴിച്ച് എഴുന്നേല്‍പ്പിച്ചു. മര്‍ദ്ദനം തുടര്‍ന്നു. പിന്നീടാണ് കള്ളനെ പിടിച്ചുവെന്ന കഥ പ്രചരിപ്പിച്ചത്. കുട്ടികള്‍ അടക്കം 20-25 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് അദ്ദേഹം മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായത്. പുലര്‍ച്ചെ 2.30ന് തങ്ങള്‍ എത്തുമ്പോള്‍ മുഹമ്മദ് അത്തര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പോലിസ് രേഖകള്‍ പറയുന്നു. ആദ്യം റോഹ് പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് നവാദ സാദര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബര്‍ 11 രാത്രി വരെ അവിടെ തുടര്‍ന്ന്. പിന്നീട്. ഭഗ്വാന്‍ മഹാവീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.