ഗതാഗതക്കുരുക്കുണ്ടാക്കി വിവാഹപാര്‍ട്ടിയുടെ റോഡ് ഷോ; തൃശൂരില്‍ സംഘര്‍ഷം

Update: 2025-11-22 14:01 GMT

ചെറുതുരുത്തി: തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ കല്യാണ സംഘം നടത്തിയ റോഡ് ഷോ കൂട്ടത്തല്ലില്‍ കലാശിച്ചു. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലാണ് സംഭവം. പള്ളം സ്വദേശിയും ആറ്റൂര്‍ സ്വദേശിനിയുടെയും കല്യാണത്തിനായി വന്ന സംഘം യുവാക്കള്‍ വാഹനങ്ങളുമായി സംസ്ഥാനപാതയിലൂടെ റോഡ് ഷോ നടത്തിയതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

ഇവരുടെ പുറകില്‍ വന്നിരുന്ന വെട്ടിക്കാട്ടിരി സ്വദേശിയുടെ ടിപ്പര്‍ ഹോണ്‍ മുഴക്കി ഇവരോട് മുന്നോട്ടു പോകാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. കല്യാണ സംഘത്തിലെ ഒരു സംഘം യുവാക്കള്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. തുടര്‍ന്ന് ഓഡിറ്റോറിയത്തിലേക്ക് കയറിയ ഇവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതോടെ സംഘര്‍ഷം കൂട്ടത്തല്ലില്‍ അവസാനിച്ചു. ചെറുതുരുത്തി പോലിസ് എത്തി ലാത്തി വീശിയാണ് ആളുകളെ പിരിച്ചുവിട്ടത്.