ഹമാസിന്റെ ഡ്രോണുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്രായേലി സൈനികര്‍

Update: 2025-06-06 04:38 GMT

തെല്‍അവീവ്: ഗസയില്‍ ഹമാസ് ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിച്ചെന്ന് ഇസ്രായേലി സൈനികര്‍. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഡ്രോണുകളാണ് ഇസ്രായേലി സൈനികരെ നിരീക്ഷിക്കുന്നതെന്ന് ഇസ്രായേലി സൈനികര്‍ പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഒരു ഇസ്രായേലി സൈനികന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ആശങ്ക ശക്തമായിരിക്കുകയാണ്. ഡ്രോണില്‍ നിന്ന് ഗ്രനേഡ് താഴെയിട്ടാണ് ഇസ്രായേലി സൈനികനെ കൊലപ്പെടുത്തിയത്.

'' റിമോട്ട് കണ്‍ട്രോള്‍ ക്യാമറകളും ഡ്രോണുകളും ബൈനോക്കുലറുകളും ഉപയോഗിച്ച് അവര്‍ ഞങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് അനുമാനം. ഡ്രോണുകള്‍ കണ്ടാല്‍ ഞങ്ങള്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യും. അവ ഞങ്ങളുടേതാണോ അവരുടേതാണോ എന്ന് അറിയണമല്ലോ''- ഒരു സൈനികന്‍ ജറുസലേം പോസ്റ്റിനോട് പറഞ്ഞു.

'' ഹമാസ് വീണ്ടും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്രയും വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടും അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നു എന്നത് ഞെട്ടിക്കുന്നതാണ്. അതൊരു ഗുണകരമായ സൂചനയല്ല. ഗസയില്‍ വലിയ നേട്ടമുണ്ടാക്കാനാണ് ഞങ്ങളെ കൊണ്ടുവന്നത്. പക്ഷേ, അത് നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇനി വലിയ ദൗത്യം നടത്തേണ്ടി വരും.''-മറ്റൊരു സൈനികന്‍ പറഞ്ഞു.