കലാപകാരികളെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി നേരിടണം: ഇറാന്‍ പ്രസിഡന്റ്

Update: 2026-01-12 03:17 GMT

തെഹ്‌റാന്‍: ഇറാനില്‍ കലാപം നടത്തുന്നവര്‍ വിദേശപരിശീലനം ലഭിച്ചവരാണെന്ന് പ്രസിഡന്റ് മസൂദ് പെസേക്കിയാന്‍. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും അതുപോലെ തന്നെ കലാപകാരികളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ ഇറാനെതിരെ യുദ്ധം ചെയ്ത് പരാജയപ്പെട്ട ശത്രുക്കള്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇടപെട്ട് കലാപത്തിന് ശ്രമിക്കുകയാണ്. കടകള്‍ക്കും പള്ളികള്‍ക്കും തീയിട്ട അക്രമികള്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. അവര്‍ നിരവധി പേരെ വെടിവച്ചു കൊന്നു, തലവെട്ടി കൊന്നു, കത്തിച്ചുകൊന്നു. വിശുദ്ധ ഖുര്‍ആന്‍ വരെ അക്രമികള്‍ കത്തിച്ചു. ഇത്തരം അക്രമികളെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി നേരിടണം. കലാപത്തിലൂടെയും സാമ്പത്തികസമ്മര്‍ദ്ദത്തിലൂടെയും ഇറാനെ മുട്ടില്‍ നിര്‍ത്താനാണ് ശ്രമം. കലാപകാരികളെ സുരക്ഷാ സേനകള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ ശക്തമായ സൈനികനടപടികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.