ഫലസ്തീനിലെ ജൂത കടന്നുകയറ്റ തലവനുമായി കൂടിക്കാഴ്ച നടത്തി റെസ പഹ്‌ലവി

Update: 2026-01-09 04:41 GMT

തെല്‍അവീവ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ജൂത കടന്നുകയറ്റത്തിന്റെ തലവന്‍ യോസി ദഗാനുമായി കൂടിക്കാഴ്ച നടത്തി ഇറാനിലെ അവസാന രാജകുടുംബത്തിന്റെ പ്രതിനിധി റെസ പഹ്‌ലവി. ഇറാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ അസ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍. വടക്കന്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കൗണ്‍സിലിന്റെ തലവനാണ് യോസി ദഗാന്‍. ഇറാനില്‍ പ്രതിഷേധമെന്ന പേരില്‍ നടക്കുന്ന കലാപത്തിന് ഇസ്രായേലി സര്‍ക്കാരും സയണിസ്റ്റ് സംഘടനകളും പിന്തുണ നല്‍കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുഎസിന്റെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ക്ക് വിലങുതടിയായ നില്‍ക്കുന്ന ഇറാനെ വിഭജിക്കുക എന്നതാണ് ഇസ്രായേലിന്റെ യുദ്ധതന്ത്രം. അതിന്റെ ഭാഗമായി വിവിധ കുര്‍ദ് വിഘടനവാദികള്‍ക്ക് അവര്‍ പിന്തുണ നല്‍കുന്നു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പിജെഎകെ, പിഎകെ, കൊമാല തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് ഇറാനില്‍ കലാപത്തിന് നേതൃത്വം നല്‍കുന്നത്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ 2023 ഏപ്രിലില്‍ റെസ പഹ്‌ലവി ഇസ്രായേല്‍ സന്ദര്‍ശിച്ച് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുതന്നെ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും ചര്‍ച്ച നടത്തി. ഇറാനില്‍ കലാപം ശക്തമാക്കാന്‍ റെസ പഹ്‌ലവി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുമായി സംസാരിക്കാനും കലാപകാരികളെ നേരിടാനുമാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.