പുല്‍വാമ: കശ്മീരിലെ തരല്‍ (Tral) പ്രദേശത്ത് മുസ്‌ലിംകളുടെ ഖബറിസ്ഥാന് സൗജന്യമായി വഴിക്ക് സ്ഥലം വിട്ടുനല്‍കി മുന്‍ അധ്യാപകന്‍. പ്രദേശവാസി കൂടിയായ പുഷ്‌വീന്ദര്‍ സിംഗാണ് സ്ഥലം വിട്ടുനല്‍കിയത്. സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും വിശുദ്ധരുടെയും നാടാണ് കശ്മീരെന്ന് പുഷ്‌വീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
'' 90×6 അടി വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് ഞാന്‍ ഖബറിസ്ഥാന് നല്‍കിയത്. മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഞങ്ങള്‍ വെളിച്ചവും വെള്ളവുമെല്ലാം നല്‍കാറുണ്ടായിരുന്നു. ശരിയായ വഴിയില്ലാത്തത് ഒരു പ്രശ്‌നമായി തുടര്‍ന്നു. അതുകൊണ്ടാണ് വഴി കൊടുക്കാന്‍ തീരുമാനിച്ചത്.''-പുഷ്‌വീന്ദര്‍ സിംഗ് പറഞ്ഞു. ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു ബന്ധമാണ് പ്രദേശവാസികള്‍ തമ്മിലുള്ളതെന്ന് നാട്ടുകാരനായ ഗുലാം ഹസ്സന്‍ പറഞ്ഞു.