ആറ് അമേരിക്കന്‍ ജൂത ശതകോടീശ്വരന്‍മാര്‍ ഗസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നു; വാട്ട്‌സാപ്പ് മുന്‍ സിഇഒയും പട്ടികയില്‍
അധിനിവേശ ജെറുസലേം: യുഎസിലെ ആറ് ജൂത ശതകോടീശ്വരന്‍മാര്‍ ഇസ്രായേലിന്റെ യുദ്ധയന്ത്രത്തെയും വംശഹത്യയേയും സാങ്കേതിക വിദ്യാ വികസനത്തെയും സഹായിക്കുന്നതായി ജൂത മാധ്യമമായ ജെറുസലേം പോസ്റ്റ്. അരെഫ് ജാന്‍ കൗം, മൈക്കിള്‍ ഡെല്‍, ബില്‍ അക്ക്മാന്‍, മാര്‍ക്ക് ബെനിയോഫ്, ലാരി എല്ലിസണ്‍, മൈക്കിള്‍ ബ്ലൂംബെര്‍ഗ് എന്നിവരാണ് സയണിസ്റ്റ് രാഷ്ട്രത്തെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്.
കിഴക്കന്‍ യൂറോപ്പിലെ യുക്രൈയ്‌നില്‍ ജനിച്ച് യുഎസിലേക്ക് കുടിയേറിയ അരെഫ് ജാന്‍ കൗം കംപ്യൂട്ടര്‍ പ്രോഗ്രാമറാണ്. വാട്ട്‌സാപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായിരുന്നു ഇയാള്‍. ഡെല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമാണ് മൈക്കിള്‍ ഡെല്‍. 2025ലെ ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ പത്താം സ്ഥാനമാണ് ഇയാള്‍ക്കുള്ളത്.
യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെഷിങ് സ്‌ക്വയര്‍ കാപിറ്റലിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമാണ് ബില്‍ അക്ക്മാന്‍. ഇസ്രായേലി സൈനികര്‍ക്ക് സഹായം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് ഐഡിഎഫിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നയാളാണ് ഒറാക്കിള്‍ സിഇഒ ആയ ലാരി എല്ലിസണ്‍. ടൈം മാഗസിന്റെ ഉടമയും സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ സെയില്‍ഫോഴ്‌സിന്റെ ചെയര്‍മാനുമാണ് മാര്‍ക്ക് ബെനിയോഫ്. ഫലസ്തീനില്‍ കുടിയേറാന്‍ ജൂതന്‍മാര്‍ക്കുള്ള പരിശീലനത്തിനും ഇയാള്‍ സഹായം നല്‍കുന്നു. ബ്ലൂംബെര്‍ഗ് എന്ന ആഗോള മാധ്യമ, സോഫ്റ്റ് വെയര്‍, സാമ്പത്തിക കമ്പനിയുടെ പ്രധാന ഷെയര്‍ ഹോള്‍ഡറും ന്യൂയോര്‍ക്ക് മുന്‍ മേയറുമാണ് മൈക്കിള്‍ ബ്ലൂംബെര്‍ഗ്.
