മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്; 29 മുസ് ലിംകള്‍ കൊല്ലപ്പെട്ടു

Update: 2025-06-23 15:32 GMT
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്; 29 മുസ് ലിംകള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യവര്‍ഷം രാജ്യത്ത് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ 947 വിദ്വേഷ സംഭവങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്. മോദി ഭരണത്തിന്റെ ആദ്യ വര്‍ഷത്തെ കുറിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സും ക്വില്‍ ഫൗണ്ടേഷനും സംയുക്തമായി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. 947 സംഭവങ്ങളില്‍ 345 എണ്ണം വിദ്വേഷ പ്രസംഗ കുറ്റങ്ങളും 602 എണ്ണം വിദ്വേഷ കുറ്റങ്ങളുമായിരുന്നു.


602 വിദ്വേഷ കുറ്റങ്ങളില്‍ 174 എണ്ണത്തില്‍ ശാരീരിക ആക്രമണങ്ങളുണ്ടായിരുന്നു. 29 മുസ്‌ലിംകളെ കൊല്ലുകയുമുണ്ടായി. 398 ഉപദ്രവ സംഭവങ്ങളും 124 ആള്‍ക്കൂട്ട ആക്രമണങ്ങളും നടന്നു.

602 വിദ്വേഷകുറ്റങ്ങളില്‍ 419 എണ്ണം മുസ്‌ലിംകള്‍ക്കെതിരായിരുന്നു. അത് 1,460 പേരെ ബാധിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെ 85 വിദ്വേഷ കുറ്റങ്ങള്‍ നടന്നു. അത് 1,504 പേരെ ബാധിച്ചു. വിദ്വേഷകുറ്റങ്ങള്‍ ബാധിച്ച 1,460 മുസ്‌ലിംകളില്‍ 376 പേര്‍ സ്ത്രീകളായിരുന്നു. 1,504 ക്രിസ്ത്യാനികളില്‍ 566 പേര്‍ സ്ത്രീകളായിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ 62 കുട്ടികളും പത്ത് വയോധികരും ഉള്‍പ്പെടുന്നു.

217 വിദ്വേഷക്കുറ്റവുമായി യുപിയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. മഹാരാഷ്ട്ര-101, മധ്യപ്രദേശ്-100, ഉത്തരാഖണ്ഡ്-84 എന്നീ സംസ്ഥാനങ്ങളാണ് പുറകില്‍. വംശീയസംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ ഒരു വിദ്വേഷക്കുറ്റം മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ''വിദ്വേഷ പ്രസംഗങ്ങളില്‍ അഞ്ചെണ്ണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വകയാണ്. 63 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേതാണ്. 71 എണ്ണം ജനപ്രതിനിധികളുടേതാണ്.''-റിപോര്‍ട്ട് പറയുന്നു. പഞ്ചാബിലും കശ്മീരിലുമാണ് ഏറ്റവും കുറവ് വിദ്വേഷ പ്രസംഗങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.


2025 ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെ 87 വിദ്വേഷ കുറ്റങ്ങളും 20 വര്‍ഗീയ പ്രസംഗങ്ങളും നടന്നു. ഈ സംഭവങ്ങള്‍ 136 മുസ്‌ലിംകളെ നേരിട്ട് ബാധിച്ചു.

Similar News