കേണല്‍ സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു, ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകളും ഉള്‍പ്പെടുത്തി

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറൈശിക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വാര്‍ വിജയ് ഷായ്‌ക്കെതിരെ കേസെടുത്തു. ഇന്നലെ തന്നെ കേസെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാത്രി പതിനൊന്നോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബിഎന്‍എസ്152: വിഘടനവാദം, സായുധ കലാപം അല്ലെങ്കില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നതോ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയെയും കുറ്റകരമാക്കുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ നല്‍കാം.
ബിഎന്‍എസ്196 (1)(ബി): വ്യത്യസ്ത മത, വംശീയ, ഭാഷാ അല്ലെങ്കില്‍ പ്രാദേശിക ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ ജാതികള്‍ അല്ലെങ്കില്‍ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യത്തെ തകര്‍ക്കാനോ പൊതു സമാധാനത്തെ ഇല്ലാതാക്കാനോ സാധ്യതയുള്ളതോ ആയ പ്രവൃത്തികളെ ഈ വകുപ്പ് കുറ്റകരമാക്കുന്നു.
ബിഎന്‍എസ് 197 (1) (സി): ദേശീയ ഉദ്ഗ്രഥനത്തിന് എതിരായ കുറ്റങ്ങള്‍
സോഫിയ ഖുറൈശിയെ 'ഭീകരരുടെ സഹോദരി' എന്നാണ് കുന്‍വാല്‍ വിജയ് ഷാ വിളിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.