
ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയെ പിളര്‍ത്തി വെള്ളക്കാര്‍ക്കായി പ്രത്യേക രാജ്യം രൂപീകരിക്കണമെന്ന ആവശ്യവുമായി വെള്ളക്കാരുടെ സംഘടനകള്‍ രംഗത്ത്. ആഫ്രിക്കന്‍ വംശജരെ ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചിപ്പിക്കാനായി സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് വെള്ളക്കാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. ആഫ്രിക്കന്‍ വംശജര്‍ വെള്ളക്കാരെ വംശഹത്യ നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിയ ഡച്ച്, ഫ്രഞ്ച്, ജര്‍മന്‍ കൊളോണിയല്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികളായ വെള്ളക്കാര്‍ക്ക് യുഎസില്‍ കുടിയേറാമെന്ന ഉത്തരവില്‍ ഫെബ്രുവരിയില്‍ ട്രംപ് ഒപ്പുമിട്ടു. ഇതിന് പിന്നാലെ മേയ് 11ന് 49 വെള്ളക്കാര്‍ യുഎസിലേക്ക് 'അഭയാര്‍ത്ഥികളായി' കുടിയേറി.

പക്ഷേ, സൗത്ത് ആഫ്രിക്കയിലെ ഭൂരിപക്ഷം വെള്ളക്കാര്‍ക്കും ട്രംപിന്റെ 'അഭയാര്‍ത്ഥി' ഉത്തരവിനോട് താല്‍പര്യമില്ല. പകരമായി സൗത്ത് ആഫ്രിക്കയില്‍ വെള്ളക്കാര്‍ക്കായി പ്രത്യേക രാജ്യം വേണമെന്നാണ് ആവശ്യം. സൗത്ത് ആഫ്രിക്കയില്‍ വെറും ഏഴു ശതമാനം മാത്രമുള്ള വെള്ളക്കാര്‍ ഭൂമിയുടെ 70 ശതമാനമാണ് കൈവശം വച്ചിരിക്കുന്നത്. അഭയാര്‍ത്ഥികളായാല്‍ അതെല്ലാം നഷ്ടമാവുമെന്നതാണ് അവരുടെ പ്രശ്‌നം. അതിനാല്‍ പ്രത്യേക രാജ്യം പ്രഖ്യാപിച്ച് അതിന് യുഎസ് ഭരണകൂടം അംഗീകാരം നല്‍കണമെന്നാണ് ആവശ്യം.
വെള്ളക്കാര്‍ക്ക് പ്രത്യേകരാജ്യം എന്ന ആവശം നേരത്തെ തന്നെ ചില വെള്ളക്കാരുടെ ഇടയിലുണ്ടായിരുന്നു. പീപ്പിള്‍സ് സ്റ്റേറ്റ് (Volkstata, Boerestaat,) എന്ന പേരില്‍ രാജ്യം വേണമെന്നായിരുന്നു ആവശ്യം. ആഫ്രിക്കന്‍ സംസ്‌കാരം പാലിക്കുന്ന തങ്ങള്‍ 'വെള്ളക്കാരായ ആദിവാസികളാണ്' എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. 1994ല്‍ സൗത്ത് ആഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം ഇല്ലാതായത് ശേഷവും വര്‍ണവിവേചന വ്യവസ്ഥ തുടരുന്ന ഒറാണിയ, ക്ലീന്‍ഫോണ്ടെയ്ന്‍ എന്നീ പ്രദേശങ്ങളിലെ വെള്ളക്കാരാണ് പ്രധാനമായും 'ദ്വിരാഷ്ട്ര പരിഹാരം' ആവശ്യപ്പെടുന്നത്.

ഈ രണ്ടു പ്രദേശങ്ങളിലും ആഫ്രിക്കന്‍ വംശജരെ താമസിക്കാന്‍ അനുവദിക്കാറില്ല. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ക്ക് പ്രത്യേകരാജ്യമുണ്ടാക്കണമെന്ന് ഒറാണിയ പ്രസ്ഥാനത്തിന്റെ നേതാവായ ജൂസ്റ്റ് സ്ട്രിഡോം ആവശ്യപ്പെട്ടു.

ജൂസ്റ്റ് സ്ട്രിഡോം
യുഎസ് ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ മറ്റൊരു രാജ്യം കൂടിയുണ്ടാക്കണമെന്ന് ജൂസ്റ്റ് ആവശ്യപ്പെടുന്നു. അതേസമയം, സൗത്ത് ആഫ്രിക്കയില്‍ വെള്ളക്കാര്‍ ഭീഷണി നേരിടുന്നില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ പറഞ്ഞു. ഇക്കാര്യത്തില്‍ ഡോണള്‍ഡ് ട്രംപും സിറില്‍ രാമഫോസയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സിറില്‍ രാമഫോസയും ഡോണള്‍ഡ് ട്രംപും
വെള്ളക്കാര്‍ മരിച്ചു കിടക്കുന്നതെന്ന് പറയുന്ന നിരവധി ഫോട്ടോകള്‍ ട്രംപ് ഉയര്‍ത്തിക്കാട്ടി.
എന്നാല്‍, ഇതെല്ലാം കോംഗോയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബോഡി ബാഗിലാക്കി കൊണ്ടുപോവുന്ന ചിത്രങ്ങളായിരുന്നുവെന്ന് തെളിഞ്ഞു.