മതാടിസ്ഥാനത്തില്‍ വിവരശേഖരണം: സസ്‌പെന്‍ഡ് ചെയ്ത രണ്ടുപേരെ മാത്രം തിരിച്ചെടുത്തു
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയതിന് സസ്‌പെന്‍ഷനിലായ നാല് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരില്‍ രണ്ടുപേരെ മാത്രം തിരിച്ചെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അപ്‌സര അശോക് സൂര്യ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന പി കെ മനോജ് എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
ഒരു മതവിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ മാത്രം ആദായനികുതി അടയ്ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി കഴിഞ്ഞ നവംബറില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. വ്യക്തമായ പരിശോധന നടത്താതെ ഫെബ്രുവരി 13ന് പരാതി എല്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും അയച്ചു നല്‍കുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഫെബ്രുവരി 20ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുടര്‍നിര്‍ദ്ദേശങ്ങള്‍ ലഭിക്കും വരെ പരാതിയില്‍ നടപടി സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും നല്‍കി. പക്ഷേ, മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ അധികചുമതല വഹിച്ചിരുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുന്‍ നിര്‍ദ്ദേശം താഴെയുള്ള ഓഫീസുകളിലേക്ക് നല്‍കി. അതനുസരിച്ച് അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് തന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന സ്‌കൂളുകളില്‍ നിന്നും ഇതുസംബന്ധമായ വിവരം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടത്.