അബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു

Update: 2025-06-02 13:16 GMT

ബണ്ട്വാള്‍: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ കൊല്‍ത്മജല്‍ ഗ്രാമത്തില്‍ അബ്ദുല്‍ റഹ്മാന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ അഞ്ചു പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ദീപക്, പൃഥ്വിരാജ്, ചിന്തന്‍, സുമിത് ആചാര്യ, രവിരാജ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്. കേസിലെ ഗൂഡാലോചനയാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ സംഘടനകളുടെ നേതാക്കളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി മംഗളൂരു എസ്പി ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു.

വിവിധ പ്രദേശങ്ങളില്‍ നേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം കഡബയില്‍ പ്രതിഷേധമുണ്ടായത്. ക്രമസമാധാനം ഉറപ്പാക്കുന്നതുവരെ അത്തരം പ്രവര്‍ത്തനങ്ങള്‍ പോലിസ് നടത്തും. കഴിഞ്ഞ ദിവസം കഡബയില്‍ പോലിസിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരട്ടക്കൊല അടക്കം നിരവധി കേസുകളില്‍ പ്രതിയായ രാഘവേന്ദ്ര കാഞ്ചന്‍ ബരികേരെയെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.


വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള ഉളളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്.