ആനയ്ക്ക് മുന്നില്‍ കുട്ടിയുമായി റീല്‍; കേസെടുത്ത് പോലിസ്

Update: 2026-01-07 11:58 GMT

ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നില്‍ സാഹസം കാണിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. കുട്ടിയെ ആനയുടെ മുന്നില്‍ കൊണ്ടു ചെന്നതിന് ബാലനീതി നിയമപ്രകാരമാണ് കേസ്. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുകയെന്ന വകുപ്പും കേസില്‍ ചേര്‍ത്തു. കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടാംപാപ്പാനായ ജിതിന്‍രാജിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാംപാപ്പാന്റെ സഹായിയും കുഞ്ഞിന്റെ അച്ഛനുമായ അഭിലാഷ് ഒളിവിലാണ്.

പാപ്പാനെ കൊന്നതിനാല്‍ നാലുമാസമായി തളച്ചിരിക്കുന്ന 'ഹരിപ്പാട് സ്‌കന്ദന്‍' എന്ന ആനയ്ക്ക് മുന്‍പില്‍ അഭിലാഷ് നടത്തിയ കൈവിട്ടകളിയില്‍ തലനാരിഴയ്ക്കാണ് അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത്. കൊമ്പില്‍ത്തട്ടി ആനയുടെ കാല്‍ക്കലേക്കു വീണ കുഞ്ഞിനെ അച്ഛന്‍തന്നെ പെട്ടെന്ന് എടുത്തുമാറ്റുകയായിരുന്നു. പ്രകോപനമുണ്ടായിട്ടും ആന പ്രതികരിക്കാഞ്ഞതിനാല്‍ ദുരന്തമൊഴിവായി. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വലിയകൊട്ടാരം വളപ്പില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അന്ന് ഈ ക്ഷേത്രത്തില്‍ അന്ന് കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടന്നിരുന്നു. തുടര്‍ന്ന്, കുഞ്ഞുമായി അഭിലാഷ് ആനയുടെ അടുത്തെത്തി. കുഞ്ഞിനെക്കൊണ്ട് ആനയെ ഉമ്മവെപ്പിച്ചു. ഭക്ഷണവും കൊടുപ്പിച്ചു. ജിതിന്‍രാജ് കുഞ്ഞിനെയെടുത്ത് ആനയുടെ കാലുകള്‍ക്കിടയിലൂടെ നടന്നു. തുടര്‍ന്ന്, അഭിലാഷ് വീണ്ടും ആനയ്ക്ക് ഉമ്മ കൊടുപ്പിക്കുന്നതിനിടയിലാണ് കുഞ്ഞ് വഴുതി കാല്‍ക്കലേക്കു വീണത്.

2025 ആഗസ്റ്റ് 31-നാണ് സ്‌കന്ദന്‍ പാപ്പാന്മാരെ ആക്രമിച്ചത്. അന്നത്തെ രണ്ടാം പാപ്പാന്‍ സുനില്‍കുമാറിനെ തട്ടിവീഴ്ത്തിയ ആനയെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച കണ്ടിയൂര്‍ ക്ഷേത്രത്തിലെ പാപ്പാന്‍ മുരളീധരന്‍നായരാണ് കൊല്ലപ്പെട്ടത്. സുനില്‍കുമാര്‍ ഏറെക്കാലം ചികിത്സയിലായിരുന്നു. രണ്ടാം പാപ്പാനായി അടുത്തിടെയാണ് ജിതിന്‍ രാജിനെ നിയോഗിച്ചത്.