''ജൂതന്‍മാര്‍ സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; ഫലസ്തീനിലെ അധിനിവേശം ഓര്‍ക്കണം'': സ്റ്റെഫാനോസ് സ്‌റ്റെഫാനോ

Update: 2025-07-05 05:27 GMT

നിക്കോസ്യ: ജൂതന്‍മാര്‍ സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് സൈപ്രസിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എകെഇഎല്ലിന്റെ നേതാവും ജനപ്രതിനിധിയുമായ സ്റ്റെഫാനോസ് സ്‌റ്റെഫാനോ. ഇസ്രായേലികള്‍ ഭൂമിയും ആസ്തികളും വാങ്ങിക്കൂട്ടുന്നത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ഫലസ്തീനിലെ അധിനിവേശം ഓര്‍ക്കണമെന്നും സ്റ്റെഫാനോസ് സ്‌റ്റെഫാനോ പറഞ്ഞു. ''സൈപ്രസിലെ നാലില്‍ ഒന്ന് ഭൂമിയും ഇപ്പോള്‍ ജൂതന്‍മാരുടെ കൈവശമാണ്. അവര്‍ സംഘടിതമായി കോളനികള്‍ നിര്‍മിക്കുന്നു, സയണിസ്റ്റ് സ്‌കൂളുകള്‍ തുറക്കുന്നു, സാമ്പത്തിക മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ രാജ്യം നമ്മുടേത് അല്ലാതാവും''-അദ്ദേഹം വിശദീകരിച്ചു.


സ്റ്റെഫാനോസ് സ്‌റ്റെഫാനോ

സ്റ്റെഫാനോസ് സ്‌റ്റെഫാനോയുടെ പരാമര്‍ശം ആന്റി സെമിറ്റിസം ആണെന്ന് ഇസ്രായേല്‍ പ്രതിനിധി പതിവ് പോലെ ആരോപിച്ചു. എന്നാല്‍, ഇത് അദ്ദേഹം തള്ളിക്കളഞ്ഞു. ഫലസ്തീനില്‍ ജൂതന്‍മാര്‍ അധിനിവേശം നടത്തിയ ഉദാഹരണം നിലനില്‍ക്കുമ്പോള്‍ എന്താണ് തന്റെ വാക്കുകളിലെ ആന്റി സെമിറ്റിസം എന്ന് അദ്ദേഹം ചോദിച്ചു. ദൈവം തങ്ങള്‍ക്ക് സൈപ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന പ്രചാരണം സയണിസ്റ്റുകള്‍ നടത്തുന്നുണ്ട്. സൈപ്രസ് ദ്വീപില്‍ അവര്‍ പുതിയ നഗരങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. കടുത്ത സയണിസ്റ്റുകളായ കബാദ് ജൂതന്‍മാര്‍ നിരവധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.