ഫലസ്തീന്റെ വിമോചനം: കൊളംബിയ നിര്‍ദേശിച്ച ആഗോള സൈന്യത്തില്‍ ചേരാന്‍ തയ്യാര്‍: അന്‍സാറുല്ല

Update: 2025-09-30 15:10 GMT

സന്‍ആ: ഫലസ്തീനെ വിമോചിപ്പിക്കാന്‍ കൊളംബിയന്‍ പ്രസിഡന്റ് ശുപാര്‍ശ ചെയ്ത ആഗോളസൈന്യത്തില്‍ ചേരാന്‍ തയ്യാറാണെന്ന് യെമനിലെ അന്‍സാറുല്ല. ധീരവും ചരിത്രപരവുമായ നിലപാടാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചതെന്ന് യെമന്‍ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹ്ദി അല്‍ മഷാത്ത് പറഞ്ഞു. ഫലസ്തീന്റെ വിമോചനത്തിനായി സാധ്യമായതെല്ലാം യെമന്‍ ത്യജിക്കുമെന്ന് മഹ്ദി അല്‍ മഷാത്ത് പറഞ്ഞു. '' പ്രസിഡന്റ് പെട്രോയുടെ നിലപാടില്‍ യെമനും സായുധസേനയും ജനങ്ങളും അഭിമാനം കൊള്ളുകയാണ്. നിലവില്‍ തന്നെ ഇസ്രായേലുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നുണ്ട്. അധിനിവേശ ഫലസ്തീനിലെ സയണിസ്റ്റ് ലക്ഷ്യങ്ങളെ ഞങ്ങള്‍ ആക്രമിക്കുന്നു. ഫലസ്തീനികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ പേര്‍ എത്തണം. അവരെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.''- മഹ്ദി അല്‍ മഷാത്ത് കൂട്ടിചേര്‍ത്തു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുമ്പോഴാണ് ഫലസ്തീന് വേണ്ടി ആഗോള സൈന്യം വേണമെന്ന് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടത്. ആയുധങ്ങളും സൈനികരെയും സംഘടിപ്പിക്കണമെന്നും അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഗസയ്ക്ക് വേണ്ടിയുള്ള യെമന്റെ പ്രവര്‍ത്തനങ്ങളെ ഗുസ്താവോ പെട്രോ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു.

ആഗോള സൈന്യം യുഎസ് സൈന്യത്തിനേക്കാള്‍ വലുതായിരിക്കണമെന്നും ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടിരുന്നു. വംശഹത്യയില്‍ നിന്നും യുഎസ്-ഇസ്രായേലി സൈനികര്‍ പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗുസ്താവോക്കുള്ള വിസ പിന്‍വലിച്ചാണ് യുഎസ് അതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് യുഎന്‍ ആസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നും ഖത്തറിലെ ദോഹയിലേക്ക് മാറ്റണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു.