അദാനി നല്‍കിയ മാനനഷ്ട കേസ്: മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ

Update: 2026-02-11 02:13 GMT

ഗാന്ധിനഗര്‍: അദാനി നല്‍കിയ മാനനഷ്ട കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും പിഴയും കോടതി വിധിച്ചു. ഗുജറാത്ത് ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് രവി നായര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്.

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നാണ് അദാനി എന്റര്‍പ്രൈസസ്. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമര്‍ശനമല്ലെന്നും മറിച്ച് പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഇടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്നുമാണ് അദാനി എന്റര്‍പ്രൈസിന്റെ വാദം. വിചാരണയ്ക്കൊടുവില്‍ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ദ വയര്‍, ന്യൂസ് ക്ലിക്ക്, ജനതാ കാ റിപ്പോര്‍ട്ടര്‍ തുടങ്ങിയ വാര്‍ത്താ വെബ്സൈറ്റുകളില്‍ പതിവായി ലേഖനമെഴുതുന്ന വ്യക്തിയാണ് രവി നായര്‍.

വര്‍ഷങ്ങളായി, രവി നായര്‍ നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. അവയില്‍ ചിലത് ബിജെപിയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നവയായിരുന്നു. വിവാദമായ റാഫേല്‍ കരാര്‍, അദാനി ഗ്രൂപ്പിന്റെ ബിസിനസുകള്‍, നരേന്ദ്ര മോദി സര്‍ക്കാരും കമ്പനിയും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു.

Tags: