നേപ്പാള്‍ ഇടക്കാല സര്‍ക്കാരിനെ റാപ്പര്‍ ബലെന്‍ നയിച്ചേക്കും

Update: 2025-09-09 12:31 GMT

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ നിയമിച്ചേക്കും. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ ശക്തമായി. ശര്‍മ ഒലി പ്രധാനമന്ത്രി പദം രാജിവച്ചതിനു പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി ക്യാംപയില്‍ ആരംഭിച്ചത്.

സിവില്‍ എന്‍ജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. 'ബലെന്‍' എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച അദ്ദേഹം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയത്.

ഗായകന്‍ എന്നതിനൊപ്പം ഗാനരചയിതാവു കൂടിയാണു ബാലേന്ദ്ര ഷാ. ഹിപ്‌ഹോപ് സംഗീത ശാഖയിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ അദ്ദേഹം പാട്ടുകള്‍ എഴുതി ആലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി 61,000ല്‍ അധികം വോട്ടുകള്‍ക്കാണ് മേയര്‍ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തിരഞ്ഞെടുക്കപ്പെട്ടത്.