രാഹുലിനെതിരായ പീഡനപരാതി; സോഷ്യല്‍ മീഡിയ പോസ്റ്റിന് രഞ്ജിത പുളിക്കന്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്‍കിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ രഞ്ജിത പുളിക്കനെ പോലിസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സൈബര്‍ പോലിസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ കസ്റ്റഡിയിലെടുത്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവര്‍. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട പോലിസ് രഞ്ജിതയ്‌ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ രഞ്ജിത രാഹുലിനെ അനുകൂലിച്ചും കേസിനെ കുറിച്ചും പോസ്റ്റിട്ടിരുന്നു. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമതു പരാതി വന്നപ്പോഴും രഞ്ജിത സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു. ഇത് തനിക്ക് ആക്ഷേപകരമാണെന്ന് ആരോപിച്ച് പീഡനപരാതി നല്‍കിയ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, രാഹുലിനെതിരായ മൂന്നാം കേസിലെ പരാതിക്കാരിയുടെ ചാറ്റ് പുറത്തുവിട്ടതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഫെന്നി നൈനാന്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുല്‍ കേസിലെ അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലിസിന്റെ നടപടി തെറ്റാണെന്നും ഫെന്നി പറയുന്നു. രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂയെന്നും ഫെന്നിയുടെ ഹരജി പറയുന്നു.