പാലക്കാട്ടെ ആള്‍ക്കൂട്ടക്കൊല: രാംനാരായന്റെ മൃതദേഹം 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും
പാലക്കാട്: ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രാംനാരായന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായന്റെ കുടുംബം ഉന്നയിച്ച മൂന്നു കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
അതേസമയം, കേസിലെ പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി തമിഴ്നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ അറസ്റ്റ് ചെയ്തവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിച്ചു. പ്രതികളില്‍ അനു, പ്രസാദ്, മുരളി, ബിപിന്‍ എന്നിവര്‍ക്ക് ബിജെപി ബന്ധമുള്ളതായി സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്. കേസില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുള്ളതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു. ഇവര്‍ക്കായാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.