ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ മൃതദേഹം സംസ്‌കരിച്ചു

Update: 2025-12-24 05:29 GMT

റായ്പൂര്‍: കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി കേരളത്തില്‍ നിന്നും വിമാനമാര്‍ഗം എത്തിച്ച മൃതദേഹം സക്തി ജില്ലയിലെ കാര്‍ഹി ഗ്രാമത്തിലാണ് സംസ്‌കരിച്ചത്. ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹം സംസ്‌കാര സ്ഥലത്ത് എത്തിച്ചത്.

ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഡിസംബര്‍ 17നാണ് ആള്‍ക്കൂട്ടം രാം നാരായനെ തല്ലിക്കൊന്നത്. ആക്രമണത്തില്‍ രാം നാരായന്റെ മൂന്നു വാരിയെല്ലുകള്‍ ഒടിഞ്ഞതായും മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ബിജെപി, കോണ്‍ഗ്രസ്, സിഐടിയു പ്രവര്‍ത്തകരായ ഏഴു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇനിയും എട്ടു പേരെയെങ്കിലും പിടികിട്ടാനുണ്ടെന്നാണ് കേരള പോലിസ് പറയുന്നത്. രാം നാരായന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.