ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ പ്രതാപ്‌നഗറില്‍ വയോധികന്റെ മൃതദേഹം ഖബറടക്കുന്നത് തടഞ്ഞു. 85കാരനായ നസീര്‍ ഖാന്റെ മൃതദേഹം ഖബറടക്കുന്നതാണ് തടഞ്ഞതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിമന്‍ പോളിടെക്‌നിക് കോളജിന് പിന്‍വശത്തുള്ള ഖബര്‍സ്ഥാനില്‍ ഞായറാഴ്ചയാണ് സംഭവം. 1951 മുതലുള്ള ഖബര്‍സ്ഥാനിലാണ് നസീര്‍ ഖാന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുടുംബം എത്തിയത്. കുഴിയെടുക്കുന്നതിനിടെ ചിലര്‍ എത്തി അത് തടയുകയായിരുന്നു. പാര്‍ക്കിനുള്ള സ്ഥലമാണ് ഇതെന്നായിരുന്നു അവരുടെ ആരോപണം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. ആരോപണങ്ങളില്‍ തീരുമാനമാവുന്നതുവരെ മയ്യത്ത് മറവ് ചെയ്യാനാവില്ലെന്ന് പോലിസ് പറഞ്ഞു. ഖബര്‍സ്ഥാന്റെ 1951 മുതലുള്ള രേഖകള്‍ പ്രദേശവാസികളായ മുസ്‌ലിംകള്‍ പോലിസിന് നല്‍കിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് പോലിസ് അറിയിച്ചു. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.