വിവാഹനിശ്ചയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ കുടുംബം
ജയ്പൂര്‍: വിവാഹനിശ്ചയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന്റെ സഹോദരന്റെ മീശ ബലമായി വടിച്ച് വധുവിന്റെ കുടുംബം. രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം. വരന്റെ സഹോദരി വിവാഹബന്ധത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് കുടുംബം വിവാഹനിശ്ചയത്തില്‍ നിന്ന് പിന്‍മാറിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാവുകയും മീശ വടിക്കലിലേക്ക് എത്തുകയുമായിരുന്നു. ഇത് കണ്ടുനിന്ന ചിലര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയും നേരില്‍ കണ്ട പെണ്‍കുട്ടിയും തമ്മില്‍ കാണാന്‍ വ്യത്യാസമുണ്ടെന്ന് സഹോദരി പറഞ്ഞതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയത്തില്‍ നിന്ന് പിന്‍മാറിയതെന്ന് യുവാവ് അറിയിച്ചു. ധാരാളം മേക്കപ്പ് ധരിച്ച, നിരവധി എഐ ഫില്‍റ്ററുകള്‍ ഉപയോഗിച്ച ഫോട്ടോയാണ് യുവതിയുടെ വീട്ടുകാര്‍ കാണിച്ചതെന്നും ഇയാള്‍ ആരോപിച്ചു. തന്നെ ചതിച്ച യുവതിയുടെ വീട്ടുകാര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കുമെന്നും യുവാവ് അറിയിച്ചു. വിഷയത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നദൗതി പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.