ബിജെപി എംഎല്‍എ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയ കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി
ജയ്പൂര്‍: പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയതിന് ബിജെപി എംഎല്‍എ ഹര്‍ലാല്‍ സഹാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന കാലത്താണ് ഹര്‍ലാല്‍ സഹാരന്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീടാണ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയ വിവരം പുറത്തറിയുന്നത്. ഇതോടെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് പോലിസില്‍ പരാതി നല്‍കിയത്. ഈ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ എത്തിയത്. എംഎല്‍എക്കെതിരേ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ റിപോര്‍ട്ട് നല്‍കിയത്. പക്ഷേ, സാമൂഹിക പ്രവര്‍ത്തകന്‍ തെളിവുകള്‍ ഹാജരാക്കി. ഇതോടെയാണ് ഹൈക്കോടതിയും അപേക്ഷ തള്ളിയത്.