റെയില്‍വേ പരീക്ഷയില്‍ മൊബൈലിനും ആഭരണങ്ങള്‍ക്കും താലിമാലയ്ക്കും വിലക്ക്; ഹിന്ദു വിരുദ്ധമെന്ന് വിഎച്ച്പി

Update: 2025-04-28 06:12 GMT

ബംഗളൂരു: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടുകള്‍ തടയാന്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. മംഗളൂരുവില്‍ ഈ മാസം 29ന് നടക്കാനിരിക്കുന്ന നഴ്‌സിങ് സൂപ്രണ്ട് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പേജര്‍, വാച്ച്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, ഹെല്‍ത്ത് ബാന്‍ഡ്, കാല്‍ക്കുലേറ്റര്‍, പുസ്തകം, പേന, കടലാസ്, പെന്‍സില്‍, ഇറേസര്‍, സ്‌കെയില്‍, വളകള്‍, മാലകള്‍, മതചിഹ്നങ്ങള്‍, താലിമാല, ബെല്‍റ്റ്, കുപ്പി, ഭക്ഷണം തുടങ്ങിയവ പരീക്ഷനടക്കുന്ന ഹാളില്‍ കയറ്റരുതെന്നാണ് നിര്‍ദേശം.

എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വിവാഹിതരായ സ്ത്രീകള്‍ താലിമാല ഒഴിവാക്കുന്നതും സിന്ദൂരം മാറ്റുന്നതും ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രദീപ് സാരിപ്പല്ല പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ രാജ്യത്ത് ഇത്തരം ഹിന്ദു വിരുദ്ധ നടപടികള്‍ സഹിക്കാനാവില്ലെന്ന് പ്രസ്താവന പറയുന്നു. മതചിഹ്നങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ പൂണൂലും അടങ്ങുമെന്ന് വിഎച്ച്പിയുടെ മറ്റൊരു നേതാവായ ശരണ്‍കുമാര്‍ പറഞ്ഞു. ഹിന്ദുവിരുദ്ധമായ നിലപാട് എടുക്കാന്‍ പാടില്ലെന്ന് ശരണ്‍കുമാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങളെയും വസ്ത്രധാരണരീതികളെയും ആക്രമിക്കുന്ന ഹിന്ദുത്വര്‍ തന്നെ നിയന്ത്രണങ്ങള്‍ ഹിന്ദുവിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത് വിചിത്രമാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുന്നയിച്ചു.