തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവിലാണ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ അറിയിച്ചു. യുവതിയുടെ മൊഴികള്‍ ശരിയല്ല എന്ന് തെളിയിക്കുന്നതാണ് ഡിജിറ്റല്‍ തെളിവുകളെന്ന് അഭിഭാഷകന്‍ ശേഖര്‍ ജി തമ്പി പറഞ്ഞു. ചാറ്റുകള്‍ അടക്കമുള്ളവ പെന്‍ഡ്രൈവില്‍ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്.
പീഡന പരാതിയില്‍ രാഹുലിനെതിരേ പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇതിനൊപ്പം തെളിവുശേഖരിക്കല്‍ നടപടികളുമായി അന്വേഷണ സംഘം മുമ്പോട്ടു പോകുന്നുണ്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ പൊതുയിടങ്ങളില്‍നിന്ന് മാറിനിന്നിരുന്നു. യുവതിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സമ്മതിച്ച രാഹുല്‍, ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ചാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്.