രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ സന്ദീപ് വാര്യരും പ്രതി

Update: 2025-11-30 13:03 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെയും പ്രതിചേര്‍ത്തു. 2024ല്‍ പരാതിക്കാരിയുടെ വിവാഹത്തില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നു. ആ ദിവസത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തിരുന്നു. എന്നാല്‍, ചിലര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഈ ചിത്രം ഡിലീറ്റ് ചെയ്തു. ചിത്രം ഡിലീറ്റ് ചെയ്‌തെന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റായും ഇട്ടു. ഇത് പരാതിക്കാരിയെ തുറന്നുകാട്ടിയതിന് തുല്യമാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ഈ കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. കേസില്‍ അഞ്ചാം പ്രതിയാക്കിയ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലിസ് ചോദ്യം ചെയ്തുവരുകയാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയും സുപ്രിം കോടതി അഭിഭാഷകയായ അഡ്വക്കേറ്റ് ദീപ ജോസഫ് രണ്ടാംപ്രതിയുമാണ്. നിലവില്‍ ചില ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെയും കേസുണ്ട്.