രാഹുല്‍ മാങ്കൂട്ടത്തിലെതിരായ പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: 23കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തന്നെ രാഹുല്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പെണ്‍കുട്ടി ഇമെയില്‍ അയച്ചിരുന്നു. സണ്ണി ജോസഫ് ഇത് പോലിസിന് കൈമാറി. തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയെ ബന്ധപ്പെടുകയും പെണ്‍കുട്ടി കേരളത്തില്‍ എത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയും നടന്നു. 2023 ഡിസംബറില്‍ പീഡനത്തിന് ഇരയായെന്നാണ് ബെംഗളൂരുവില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊഴി പറയുന്നത്.
അതേസമയം, രാഹുലിനെതിരായ ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിട്ടുണ്ട്. കേസുകള്‍ വന്നതിന് ശേഷം മുന്‍കൂര്‍ ജാമ്യഹരജികള്‍ നല്‍കിയ രാഹുല്‍ കോടതി വിധിക്കായി മാറി നില്‍ക്കുകയാണ്.