പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഉള്‍പ്പെടെ 10ലേറെ പേരെ പീഡിപ്പിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അതിജീവിത സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രിംകോടതിയില്‍. ജാമ്യവേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തിയത് നിയമവിരുദ്ധമെന്ന് അതിജീവിത പറഞ്ഞു. സമ്മതമില്ലാതെ പലതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും രാഹുലിന് ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രിംകോടതിയില്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ ഹരജി. തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകള്‍ രാഹുലിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെന്നും അതെല്ലാം രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രത്തിന് താന്‍ ഒരുക്കമല്ലായിരുന്നെന്നും ഭീഷണിയിലൂടെ തന്നെ സമ്മതിപ്പിക്കുകയായിരുന്നുവെന്നും അവര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയടക്കം പത്തിലധികം പെണ്‍കുട്ടികളെ രാഹുല്‍ ഉപദ്രവിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം സൈക്കോപാത്തും സാമൂഹ്യവിരുദ്ധനുമായ ഇയാള്‍ക്ക് ജാമ്യം നല്‍കിയത് തന്റെ ഭീഷണിയാണെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.