തിരുവനന്തപുരം: യുവതിയുടെ പരാതിയില്‍ പീഡനക്കേസെടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതി വ്യാജമാണെന്നും താന്‍ നിരപരാധിയാണെന്നും അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍ മുഖേനെ നല്‍കിയ ഹരജി പറയുന്നു.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.
തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും രാഹുല്‍ വാദിക്കുന്നു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി തനിക്കെതിരായ നീക്കം ബിജെപി-സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. യുവതിയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്നു യുവതി പറഞ്ഞതോടെ അനുകമ്പ തോന്നി. ഈ ബന്ധമാണ് പിന്നീടു ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിലേക്കു വളര്‍ന്നത്. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. താനാണ് ഗര്‍ഭിണിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും രാഹുല്‍ പറയുന്നു.
പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നും ചാറ്റുകളും ഫോണ്‍ രേഖകളും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പല സ്ഥലങ്ങളില്‍ വച്ചു കണ്ടത്. യുവതിയും ഇതു സമ്മതിക്കുന്നുണ്ട്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന വാദം നിലനില്‍ക്കില്ല. സ്വമേധയെയാണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ഗര്‍ഭവും ഗര്‍ഭഛിദ്രവും വാദത്തിനായി സമ്മതിച്ചാല്‍ പോലും യുവതി സ്വമേധയാ ആണ് അത് ചെയ്തത്. യുവതി ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ആ സാഹചര്യത്തില്‍ ഗര്‍ഭിണി ആയതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാത്രിയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയത്. തുടര്‍ന്ന് അതിവേഗമാണ് പരാതിയില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഇന്ന് രാവിലെ പോലിസ് കേസെടുക്കുകയും നെയ്യാറ്റിന്‍കര കോടതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്. പിന്നീട് പാലക്കാട്ടെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.നിലവില്‍ രാഹുല്‍ ഒളിവിലാണെന്നാണ് പോലിസ് ആരോപിക്കുന്നത്. രാഹുലിനെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുള്ള എല്ലാ എയര്‍പോര്‍ട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം പോലിസ് എമിഗ്രേഷന്‍ ബ്യൂറോക്ക് നല്‍കിയിട്ടുണ്ട്.

