രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍; പീഡനപരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലാണ് നടപടി
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്നലെ വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ ഈശ്വറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. രാഹുല്‍ നിരന്തരമായി അതിജീവിതയെ അപമാനിച്ചെന്നും മുമ്പും സമാനമായ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് വാദിച്ചു.
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ലാപ്‌ടോപ്പില്‍ നിന്ന് രാഹുല്‍ ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്‌ടോപ്പിലുണ്ട്. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പോലിസ് ആരോപിച്ചു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പോലിസ് വാദിച്ചു.
ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ള കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു. അഭിഭാഷകരും പോലീസും പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച സമയത്താണ് രാഹുൽ ഈശ്വർ ആരോപണം ഉന്നയിച്ചത്.
