ശിക്ഷാകാലയളവ് പൂര്‍ത്തിയാകാന്‍ ആറുമാസം; റഹീമിന്റെ മോചനത്തിന് വഴിതെളിയുന്നു
റിയാദ്: സൗദിയിലെ റിയാദിലെ ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസ് ഫയല്‍ ഗവര്‍ണറേറ്റില്‍നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങിയതായി റിപോര്‍ട്ട്. ഫയല്‍ അയച്ചതായുള്ള വിവരം അഭിഭാഷകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുള്‍ റഹീം നിയമ സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു. 19 വര്‍ഷത്തിലധികം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ അബ്ദുള്‍ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്മേല്‍ ഇളവ് നല്‍കി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് സഹായ സമിതി.
ദിയ നല്‍കുകയും ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകര്‍ മുഖേന നിയമസഹായ സമിതി റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വര്‍ഷം 2026 മെയ് 20നാണ് പൂര്‍ത്തിയാവുക. നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവര്‍ണറേറ്റില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതര്‍ അറിയിച്ചത്.
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുള്‍ റഹീമിന് ദിയധനം നല്‍കിയതിനാല്‍ സൗദി കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതു അവകാശപ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വര്‍ഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീല്‍ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
