ആര്‍ രാജഗോപാല്‍ ദി ടെലഗ്രാഫ് പത്രത്തില്‍നിന്ന് രാജിവെച്ചു

Update: 2025-02-15 00:57 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ 'ദി ടെലഗ്രാഫ്' പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനം രാജിവെച്ചു. വിരമിക്കാന്‍ നാല് വര്‍ഷം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ രാജി. ഹിന്ദുത്വ രാഷ്ട്രീയത്തെയും ബിജെപിയേയും തുറന്നുകാട്ടുന്ന തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ വന്നുതുടങ്ങിയത് ആര്‍ രാജഗോപാല്‍ സ്ഥാപനത്തില്‍ എത്തിയതിന് ശേഷമായിരുന്നു.

മണിപ്പൂരിലെ വര്‍ഗീയ-വംശീയ സംഘര്‍ഷത്തില്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന സൂചന തലക്കെട്ട് നല്‍കിയാണ് രാജഗോപാല്‍ പ്രതികരിച്ചത്. 56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദന തുളച്ച് കയറാന്‍ 79 ദിവസമെടുത്തു എന്ന ക്യാപ്ഷനോട് കൂടി കരയുന്ന മുതലയുടെ ചിത്രമാണ് അന്നത്തെ ദിവസത്തെ പ്രധാന വാര്‍ത്തയായി ടെലഗ്രാഫ് നല്‍കിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതും ഏറെ ശ്രദ്ധേയമായി.

1996ല്‍ കൊല്‍ക്കത്തയില്‍ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായാണ് രാജഗോപാല്‍ ജോലിയില്‍ പ്രവേശിച്ചത്. എഡിറ്റര്‍ പദവിയില്‍ ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ സംഘര്‍ഷന്‍ ഠാക്കൂറിനെ മാനേജ്‌മെന്റ് നിയമിച്ചിരുന്നു. അതിന് ശേഷം പത്രത്തില്‍ മാസാന്ത കോളമാണ് രാജഗോപാല്‍ ചെയ്തിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ആര്‍ രാജഗോപാല്‍.