എല്‍എന്‍ജി വിതരണം പ്രതിസന്ധിയില്‍; വിവിധ രാജ്യങ്ങളുമായുള്ള എല്‍എന്‍ജി കരാറുകള്‍ താല്‍കാലികമായി റദ്ദാക്കി ഖത്തര്‍

Update: 2026-03-24 16:34 GMT

ദോഹ: ഉല്‍പാദനം പ്രതിസന്ധിയിലായതോടെ വിവിധ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല എല്‍എന്‍ജി വിതരണ കരാറുകള്‍ താല്‍കാലികമായി റദ്ദാക്കി ഖത്തര്‍ എനര്‍ജി. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് റാസ് ലഫാന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചതോടെയാണ് ഖത്തര്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) വിതരണ കരാറുകളില്‍ 'ഫോഴ്സ് മേജര്‍' പ്രഖ്യാപിച്ചത്.

ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലെ ഉപഭോക്താക്കളുമായുള്ള കരാറുകളേയാണ് തീരുമാനം ബാധിക്കുക.

മാര്‍ച്ച് ആദ്യത്തില്‍ റാസ് ലഫാന്‍ പ്ലാന്റിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഉണ്ടായ മിസൈല്‍ ആക്രമണങ്ങള്‍ വന്‍ നാശനഷ്ടം ഉണ്ടായതായി കമ്പനി വ്യക്തമാക്കി.

കമ്പനി പുറത്തുവിട്ട പ്രധാന വിവരങ്ങള്‍:

മാര്‍ച്ച് 18, 19 തീയതികളില്‍ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങളില്‍ റാസ് ലഫാന്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി.

രണ്ട് എല്‍എന്‍ജി പ്രോസസിംഗ് യൂണിറ്റുകളും ഒരു ഗ്യാസ്-ടു-ലിക്വിഡ്‌സ് യൂണിറ്റും പ്രവര്‍ത്തന രഹിതമായി.

സംഭവങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാക്കിയ ആഘാതം ഇപ്പോഴും പൂര്‍ണമായി കണ്ടെത്താനായിട്ടില്ല. നാശനഷ്ടം പരിഹരിക്കാന്‍ എടുക്കേണ്ട സമയപരിധിയും പരിശോധിച്ചുകൊണ്ടിരിക്കുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ഉല്‍പ്പാദനവും വിതരണവും സാധാരണ നിലയിലാക്കാന്‍ ആവശ്യമായ നടപടികള്‍ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.

Tags: