ദോഹ: ഇസ്രായേലി വ്യോമാക്രമണത്തില്‍ രക്തസാക്ഷികളായ ഫലസ്തീനി നേതാക്കളുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി. ഖത്തര്‍ സര്‍ക്കാരിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും അറബ് സമൂഹത്തിലെ പ്രമുഖരും ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലാണ് ജനാസ നമസ്‌കാരം നടന്നത്. അതിന് ശേഷം മയ്യത്തുകള്‍ മെസൈമീര്‍ ഖബര്‍സ്ഥാനില്‍ അടക്കി.
ഹമാസ് മധ്യസ്ഥ പ്രതിനിധി സംഘത്തിന്റെ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാം അല്‍ ഹയ്യ, ഖലീല്‍ അല്‍ ഹയ്യയുടെ ഓഫിസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അഹമദ് മംമ്ലൂക്ക്, അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസൂന്‍ എന്നിവരാണ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായത്. ആക്രമണത്തില്‍ ഖത്തറി സൈനികനായ സര്‍ജന്റ് ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിയും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനപരിശോധിക്കുകയാണെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഖത്തര്‍ നിഷേധിച്ചു. ഖത്തറും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഖറത്തര്‍ അന്താരാഷ്ട്ര മാധ്യമ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.