ഹമാസ് തന്ത്രം മാറ്റി;ഇസ്രായേലി സൈനികര്‍ പെട്ടിയിലാവുന്നു

Update: 2025-09-10 15:47 GMT

തെല്‍അവീവ്:ഗസ സിറ്റിയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ നേരിടാന്‍ ഹമാസ് അതിന്റെ ഗറില്ലാ യുദ്ധതന്ത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ഹീബ്രു മാധ്യമമായ മാരിവ്. പ്രശസ്ത സൈനിക വിദഗ്ദനായ എവി അഷ്‌കെന്‍സായി എഴുതിയ ലേഖനമാണ് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സിന്റെ പുതിയതന്ത്രങ്ങളെ കുറിച്ച് പറയുന്നത്. മെര്‍ക്കാവ ടാങ്കുകളെ നേരിട്ട് ലക്ഷ്യമിടുന്നതിന് പകരം ടാങ്കിന്റെ കമാന്‍ഡറെ സ്‌നൈപ്പര്‍ തോക്കു കൊണ്ട് വെടിവച്ചിടുന്ന രീതിയാണ് അല്‍ ഖസ്സം ബ്രിഗേഡ്‌സ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് എവി അഷ്‌കെന്‍സായിയുടെ റിപോര്‍ട്ട് പറയുന്നു. സ്‌നൈപ്പര്‍ തോക്കുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ യന്ത്രത്തോക്കും ഉപയോഗിക്കുന്നു. അതിന് ശേഷം ടാങ്കിന് അടുത്തുപോയി അകത്തേക്ക് സ്‌ഫോടകവസ്തുക്കള്‍ ഇടും. ഗസയില്‍ ഈ രീതി അല്‍ഖസ്സം ബ്രിഗേഡ്‌സ് അഞ്ചുതവണ ഉപയോഗിച്ചു.

സൈനിക ഓപ്പറേഷനു പോയി മടങ്ങിവരുന്ന സൈനികരെ ആക്രമിക്കുന്ന രീതിയും ഗസയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അല്‍ ഖസ്സം ബ്രിഗേഡ്‌സ് സ്വീകരിക്കുന്നുണ്ട്. അതായത്, ശത്രു വിശ്രമിക്കുന്ന സമയത്തോ വാഹനങ്ങള്‍ നിര്‍ത്തുന്ന സമയത്തോ ആണ് ആക്രമണങ്ങള്‍ നടക്കുന്നത്. ശത്രു വിശ്രമിക്കുന്ന സമയത്ത് ആക്രമിക്കുക എന്ന ക്ലാസിക് ഗറില്ലാ തന്ത്രത്തില്‍ നിന്ന് ഹമാസ് പിന്‍മാറിയിട്ടില്ലെന്നും അത് സൂചന നല്‍കുന്നതായി എവി അഷ്‌കെന്‍സായി പറയുന്നു.

അത്തരം സൈനികര്‍ പതിയിരുന്നാക്രമണത്തിന് എളുപ്പത്തില്‍ ഇരയാവുമെന്നാണ് അദ്ദേഹം പറയുന്നത്. അല്‍ ഖസ്സം ബ്രിഗേഡ്‌സിന്റെ സൈനിക ആസൂത്രണം വളരെ മികച്ചതാണെന്നും എവി അഷ്‌കെന്‍സായി പുകഴ്ത്തുന്നുണ്ട്. കോടിക്കണക്കിന് ഷെക്കെല്‍ ചെലവാക്കി ഇസ്രായേലി സൈന്യം കവചിത വാഹനങ്ങളും പ്രതിരോധസംവിധാനങ്ങളും വാങ്ങിയിട്ടും ഫലം ലഭിക്കുന്നില്ല. ആക്രമണത്തിന് പകരം സംരക്ഷണത്തിനാണ് പണം കൂടുതലായി ചെലവഴിക്കുന്നതെന്നാണ് എവി അഷ്‌കെന്‍സായി പറയുന്നത്. എന്തെല്ലാം സുരക്ഷയുണ്ടായിട്ടും അവസാനം അല്‍ ഖസ്സം ബ്രിഗേഡ്‌സിന്റെ ആക്രമണം നേരിടേണ്ടി വരുന്നതാണ് ദുരന്തമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ടണല്‍ യുദ്ധതന്ത്രവും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലെ ഗറില്ലാ യുദ്ധവും നേരിടാന്‍ ഇസ്രായേലി സൈന്യത്തിന് സാധിക്കില്ല. അതിനാല്‍ തന്നെ വ്യാമോഹങ്ങള്‍ക്ക് പിന്നാലെ പോവാതെ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം.