നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ മല്‍സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാനാണ് യുഡിഎഫുമായി സഹകരിക്കാന്‍ ശ്രമിച്ചത്. പക്ഷേ, അവര്‍ പുറത്തുനിര്‍ത്തി. യുഡിഎഫ് പ്രവേശനത്തില്‍ വാതില്‍ അടച്ചു എന്നാണ് പറയുന്നത്. ജോയിയെ നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ടെങ്കിലും ആര്യാടന്‍ ഷൗക്കത്തിനെ വച്ചു. അത് ശരിയല്ല. ഈ രീതിയില്‍ പോയാല്‍ 2026ല്‍ പിണറായിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ല. അന്‍വറിനെ അടുപ്പിക്കരുതെന്ന് പിണറായി സതീശനോട് പറഞ്ഞിരിക്കുകയാണ്.
പക്കാ ഫ്രോഡ് ആര്‍എസ്എസുകാരനായ എഡിജിപി അജിത്കുമാറിനെ പിണറായി ഡിജിപിയാക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ വി ഡി സതീശനോട് ആവശ്യപ്പെട്ടു. പക്ഷേ, ഒന്നും ചെയ്തില്ല. അവരും അതിനൊപ്പമാണ്. തുറക്കാത്തതും അടയ്ക്കാത്തതുമായ വാതിലുകള്‍ നോക്കുന്നില്ല. ഒരു വശത്ത് പിണറായി, ഒരു വശത്ത് ആര്‍എസ്എസ്, ഒരു വശത്ത് വി ഡി സതീശന്‍ അതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ മൂന്നു കൂട്ടരും കൂടി എന്നെ ഞെക്കി പിഴിയുകയാണ്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിക്കാന്‍ പോവുന്നില്ല. അതിനാല്‍ പിണറായിസത്തിന് എത്ര വോട്ടുണ്ടെന്നു നോക്കാം. ഈ സാഹചര്യത്തില്‍ മല്‍സരിക്കാതിരിക്കാന്‍ തരമില്ലെന്നും അന്‍വര്‍ പറഞ്ഞു.
