കന്നുകാലി കടത്ത് ആരോപിച്ച് മലയാളിയെ കര്‍ണാടക പോലിസ് വെടിവച്ച സംഭവം; കന്നുകാലികളെ നിയമപരമായി ചന്തയില്‍ നിന്ന് വാങ്ങിയതെന്ന് രേഖകള്‍

Update: 2025-10-26 15:33 GMT

മംഗളൂരു: കര്‍ണാടകത്തിലെ ഹാസനില്‍ ലോറിയില്‍ 12 കന്നുകാലികളുമായി വന്ന കാസര്‍കോട് സ്വദേശി അബ്ദുല്ലയെ പോലിസ് വെടിവച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോറിയിലുണ്ടായിരുന്ന കന്നുകാലികളെ ചന്തയില്‍ നിന്നും നിയമപരമായി വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ചന്നനാരായണ പട്‌നയിലെ ചന്തയില്‍ നിന്നാണ് ഒക്ടോബര്‍ 21ന് ഈ കന്നുകാലികളെ വാങ്ങിയത്. ചന്നനാരായണ പട്‌ന എപിഎംസിയില്‍ നിന്നുള്ള രേഖകളാണ് ഇത് തെളിയിക്കുന്നത്.




 ഈശ്വരമംഗംലയിലെ ദേലംപടി സ്വദേശിയായ ജലാലുദ്ദീനാണ് ഹാസനിലെ കര്‍ഷകനായ ഹിരിയാന ഗൗഡ എന്ന കര്‍ഷകനില്‍ നിന്നും കന്നുകാലികളെ വാങ്ങിയത്. ഒരു കാളയ്ക്കും രണ്ടു പശുക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കുമായി രണ്ടുലക്ഷം രൂപയാണ് നല്‍കിയത്. എപിഎംസി വഴിയാണ് പണം നല്‍കിയത്. ഈ ലോറിയേയാണ് ഈശ്വരമംഗലത്ത് വച്ച് പോലിസ് തടഞ്ഞത്. തുടര്‍ന്ന് അബ്ദുല്ലയുടെ കാലില്‍ പോലിസ് വെടിവയ്ക്കുകയായിരുന്നു.

അതേസമയം, ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുത്തിലയും പ്രവര്‍ത്തകരും ലോറിയുടെ ഷീറ്റുകളും കയറുകളും അറുത്തുമാറ്റി കന്നുകാലികളെ പുറത്തിറക്കുമ്പോള്‍ പോലിസുകാര്‍ കാവല്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരന്തരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ മൂലം ദക്ഷിണകന്നഡയില്‍ നിന്നും നാടുകടത്തിയ ആളാണ് ഈ അരുണ്‍ കുമാര്‍ പുത്തില. പക്ഷേ, ആള്‍ പ്രദേശത്ത് തന്നെ സജീവമാണ്.