മുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തു
ബണ്ട്വാള്‍: പനേമംഗലൂരുവിലെ ജനങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. പുത്തൂരു മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ രമേശ് റായ് നെല്ലിക്കാട്ടെ(55)യാണ് മരിച്ചത്. നേത്രാവതി നദീതീരത്തെ വാട്ടര്‍ടാങ്കിലാണ് ഇയാള്‍ ചാടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാവിലെ പതിനൊന്നു മണിയോടെ പനേമംഗലൂരുവിലെ പഴയ പാലത്തിന് താഴെ ബൈക്ക് വച്ച ശേഷം ഇയാള്‍ വാട്ടര്‍ടാങ്കില്‍ ചാടുകയായിരുന്നു.
പാലത്തിന് സമീപം ബൈക്കും ചെരുപ്പും ഷര്‍ട്ടുമെല്ലാം കണ്ട നാട്ടുകാര്‍ ബണ്ട്വാള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ബൈക്ക് രമേശ് റായുടേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടുകാരെ അറിയിച്ചു. പോലിസും ഫയര്‍ഫോഴ്‌സും പ്രദേശവാസികളും നേത്രാവതി നദിയില്‍ പരിശോധന നടത്തി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.