കൈയ്യിലെ മുറിവ് നിര്‍ണായകമായി; പുഷ്പലത കൊലക്കേസില്‍ പ്രതി പിടിയിലായത് ഇങ്ങനെ

Update: 2026-01-18 02:40 GMT

ബദിയഡുക്ക: കുംബഡാജെ മൗവ്വാറില്‍ 'അജില'വീട്ടിലെ പുഷ്പലത വി ഷെട്ടി (72) കൊല്ലപ്പെട്ട കേസില്‍ പരമേശ്വരയുടെ (47) പങ്ക് സൂചിപ്പിച്ചത് കൈയ്യിലെ മുറിവ്. കൊല്ലപ്പെട്ട പുഷ്പലതയുടെ വായില്‍ രക്തം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ അത് പുഷ്പലതയുടേത് അല്ല എന്നും പോലിസിന് മനസിലായി. അതിനാല്‍ തന്നെ അത് കൊലയാളിയുടേതാവാം എന്ന ധാരണയില്‍ പോലിസ് എത്തി. ഒറ്റപ്പെട്ട സ്ഥലത്ത് നടന്ന കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചത് ഏറെ വൈകിയാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് ആരൊക്കെ എത്തി എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലും പോലിസിന് ലഭിച്ചില്ല. അതിനാല്‍, വീടും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിരീക്ഷിക്കാന്‍ അഞ്ചിലധികം സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു.

എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്നറിയാന്‍ നിരവധി പേരെ പോലിസ് ചോദ്യം ചെയ്തു. സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും പരമേശ്വര അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പുഷ്പലതയെ ബുധനാഴ്ച വൈകീട്ട് മൂന്നിന് ശേഷവും കണ്ടു എന്നായിരുന്നു പരമേശ്വര മൊഴി നല്‍കിയിരുന്നത്. അവസാനമായി പുഷ്പലതയെ കണ്ടയാള്‍ എന്ന നിലയ്ക്ക് പരമേശ്വരയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിച്ചു. ഈ സമയത്താണ് പരമേശ്വരയുടെ കൈയ്യിലെ മുറിവ് പോലിസ് കണ്ടത്. കുരുമുളക് പറിക്കാന്‍ പോയപ്പോള്‍ കൈ മുറിഞ്ഞെന്നാണ് പരമേശ്വര പറഞ്ഞത്. ഇക്കാര്യവും പോലിസ് അന്വേഷിച്ചു. കുരുമുളക് പറിക്കുന്നതിനിടയില്‍ അങ്ങനെ ഒരു മുറിവ് പറ്റിയിട്ടില്ലെന്ന് പോലിസിന് ബോധ്യപ്പെട്ടു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തൊണ്ടിമുതലായ നാലുപവനോളം വരുന്ന കരിമണിമാല പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുക്കയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.