ബിജെപിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണം നടത്തി; കെപിസിസിക്ക് പരാതി നല്‍കി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി. പുറക്കാട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ രാജേശ്വരി കൃഷ്ണന്‍ ആണ് കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിന് പരാതി നല്‍കിയത്. രണ്ട് തവണ പഞ്ചായത്ത് അംഗംഗവും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേശ്വരി കൃഷ്ണന്‍ ഇത്തവണ ജയിച്ചു വന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ടായിരുന്നു.
ഇത് തടയാനായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി എ ഹമീദിന്റെ ആശിര്‍വാദത്തോടെ അദേഹത്തിന്റെ സഹോദരന്‍ ടി എ താഹ, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം വി രഘു, നിഷാന്ത് ഗോപാല്‍, പ്രാദേശിക നേതാക്കളായ പ്രജീഷ്, വിജുമോന്‍ എന്നിവര്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നാണ് കത്ത് ആരോപിക്കുന്നത്. തോട്ടപ്പള്ളി ഹാര്‍ബര്‍ മേഖലയിലെ വീടുകളില്‍ കയറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടുവെന്നും പരാതി ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ രാജേശ്വരി കൃഷ്ണന്‍ പരാജയപ്പെടുകയും അവിടെ ബിജെപി സ്ഥാനാര്‍ഥി ആര്യ നോജു വിജയിക്കുകയും ചെയ്തു.
നിലവില്‍ പുറക്കാട് പഞ്ചായത്തില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-6, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെ ആണ് കക്ഷി നില. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്ലോക്ക് പ്രസിഡന്റ് ഹാമീദിന്റെ ഭാര്യ റഹ്‌മത്ത് ഹമീദിനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമായി ആണ് രാജ്വേശ്വരിയെ പരാജയപ്പെടുത്തിയത് എന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും സംശയിക്കുന്നുണ്ട്.
