പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന്; ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍

Update: 2025-06-04 05:56 GMT

മൊഹാലി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബറെ അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ജസ്ബീര്‍ സിംഗിനെയാണ് രൂപ്‌നഗറില്‍ നിന്നും പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തത്. ജാന്‍ മഹല്‍ വീഡിയോ എന്ന പേരില്‍ യൂട്യൂബില്‍ ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിംഗിന് പത്ത് ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. പാകിസ്താന്റെ ചാരസംഘടനയിലെ ഉദ്യോഗസ്ഥനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇയാള്‍ മൂന്നു തവണ പാകിസ്താന്‍ സന്ദര്‍ശിച്ചെന്നും പോലിസ് പറയുന്നു. ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയില്‍ നടന്ന പാകിസ്താന്‍ രൂപീകരണ ദിനാഘോഷത്തിലും പങ്കെടുത്തുവെന്ന് പോലിസ് പറയുന്നു. ഹരിയാണ സ്വദേശിയായ ജ്യോതി മല്‍ഹോത്ര, പാകിസ്താനിലേക്ക് ബൈക്കില്‍ യാത്ര ചെയ്ത ഭയ്യ സണ്ണി യാദവ് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതില്‍ ജ്യോതി മല്‍ഹോത്രയുമായി ജസ്ബീര്‍ സിംഗിന് ബന്ധമുണ്ടെന്നും പോലിസ് ആരോപിക്കുന്നുണ്ട്.