119 ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി യുഎസ് തിരിച്ചയച്ചു; സൈനിക വിമാനം എത്തിയത് ഇന്നലെ രാത്രി
അമൃത്‌സര്‍: യുഎസിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരുമായി യുഎസ് സൈനികവിമാനം ഇന്ത്യയിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ശനിയാഴ്ച രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്. പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഗുജറാത്തില്‍ നിന്നുള്ള എട്ടു പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നുപേരും ഗോവ, മഹാരാഷ്ട്ര, രാജസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേരും അടങ്ങിയ സംഘത്തെ ഇവിടെ ഇറക്കിയ ശേഷം വിമാനം തിരിച്ചുപോയി. തിരികെയെത്തിയവരെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.പഞ്ചാബില്‍ നിന്നുള്ള മന്ത്രിമാര്‍ തിരികെയെത്തിയവരെ കണ്ടു സംസാരിച്ചു.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു അമൃത്‌സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്നാമത് വിമാനം ഞായറാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
