പഞ്ചാബിലെ മൂന്ന് നഗരങ്ങള്‍ക്ക് വിശുദ്ധ പദവി; മദ്യവും മാംസവും പുകയിലയും വില്‍ക്കാനാവില്ല
അമൃത്‌സര്‍: പഞ്ചാബിലെ മൂന്ന് നഗരങ്ങള്‍ക്ക് വിശുദ്ധ പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അമൃത്‌സര്‍, തല്‍വന്തി സബൊ, അനന്ത്പൂര്‍ സാഹിബ് എന്നീ നഗരങ്ങള്‍ക്കാണ് വിശുദ്ധ പദവി നല്‍കിയത്. പുതിയ തീരുമാന പ്രകാരം ഈ നഗരങ്ങളില്‍ മദ്യവും പുകയിലയും ലഹരിവസ്തുക്കളും മാംസവും വില്‍ക്കാന്‍ പാടില്ല. നിരോധനം ഉറപ്പാക്കാന്‍ എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും മൃഗക്ഷേമ വകുപ്പും നടപടികള്‍ സ്വീകരിക്കും.
സിഖ് മതത്തില്‍ അധികാര സ്ഥാനമായി കരുതുന്നത് അഞ്ച് തഖ്തുകളാണ്. അതില്‍ അമൃത്സറില്‍ ഹര്‍മന്ദിര്‍ സാഹിബിന് (ഗോള്‍ഡന്‍ ടെമ്പിള്‍) സമീപത്താണ് അകാല്‍ തഖ്തുള്ളത്. തഖ്തുകളില്‍ ആദ്യത്തതും ഏറ്റവും ശ്രേഷ്ഠവും എന്നു കരുതപ്പെടുന്നതാണ് അകാല്‍ തഖ്ത്. അതിനാലാണ് അമൃത്സര്‍ വിശുദ്ധ നഗരമായത്. ഭട്ടിന്‍ഡയിലാണ് തല്‍വന്തി സബൊ. ഗുരു ഗോബിന്ദ് സിംഗ് ഇവിടെ ഒരു വര്‍ഷം താമസിച്ച് കൊണ്ടാണ് സിഖ് വേദ ഗ്രന്ഥമായ ഗ്രന്ഥ് സാഹിബിന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കിയത്. ഇത് ധംധമ സാഹിബ് എന്നും അറിയപ്പെടുന്നു.
അനന്തപൂര്‍ സാഹിബ് പട്ടണത്തിലാണ് ശ്രീ കേശ്ഗര്‍ സാഹിബ് തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതത്തില്‍ ഖല്‍സ എന്ന ആശയം രൂപം കൊണ്ടത് ഇവിടെയാണ്. അതിനാലാണ് ഈ നഗരത്തെ വിശുദ്ധമായി പ്രഖ്യാപിച്ചത്. മറ്റു രണ്ടു തഖ്തുകളില്‍ ഒന്ന് ബിഹാറിലും ഒന്ന് മഹാരാഷ്ട്രയിലുമാണ്.