ജീവന്‍ പൊലിഞ്ഞ കര്‍ഷകരെ ആദരിക്കാന്‍ സ്മാരകം പണിയും: പഞ്ചാബ് മുഖ്യമന്ത്രി

കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചരണ്‍ജിത് സിങ് ചന്നി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

Update: 2021-11-19 14:18 GMT

ചണ്ഡിഗഢ്: കര്‍ഷക സമരത്തിനിടെ ജീവന്‍ പൊലിഞ്ഞ കര്‍ഷകരെ ആദരിക്കാന്‍ സ്മാരകം പണിയുമെന്ന്് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.


ഒരു വര്‍ഷം നീണ്ടകര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്തത്. 700ഓളം കര്‍ഷകര്‍ക്ക് സമരത്തില്‍ ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങള്‍ക്കെതിരെ സമരം രംഗത്തെത്തി. ഇത്രയും കാലം കര്‍ഷകരെ തള്ളിയും പരിഹസിച്ചുമാണ് കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇത് കര്‍ഷകരുടെ ചരിത്ര വിജയമാണെന്നാണ് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട്പ്രതികരിച്ചത്.രാജ്യത്തെ കര്‍ഷകരുടെ സത്യഗ്രഹത്തിന് മുന്നില്‍ ധാര്‍ഷ്ട്യം തല കുനിച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പഞ്ചാപ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി സര്‍ക്കാറിന്റെ നീക്കം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമോ എന്ന കണ്ടറിയണം.

Tags:    

Similar News