പൂനെ: 64 മോഷണക്കേസുകളിലെ പ്രതിയെ 49 താക്കോലുകളുമായി പിടികൂടി. പൂനെയിലെ മുല്‍ഷി താലൂക്ക് സ്വദേശിയായ ഹര്‍ഷദ് പവാറാണ് (31) പിടിയിലായതെന്ന് പോലിസ് അറിയിച്ചു. ഇയാളുടെ കൈയ്യില്‍ കണ്ട ചാക്കില്‍ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും വീടുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തി. ഓരോ മോഷണത്തിനും ശേഷം വസ്ത്രം മാറുന്ന ഇയാള്‍ 50 കിലോമീറ്റര്‍ അകലേക്കും പോവുമായിരുന്നു. ചെറിയ ഇടവഴികളിലൂടെ യാത്ര ചെയ്യുന്നതിനാല്‍ സിസിടിവി കാമറകളിലും പതിയുമായിരുന്നില്ല.
സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ പവാര്‍ 2008 മുതല്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു. ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ ജാമ്യത്തിലിറങ്ങും. തുടര്‍ന്ന് അതേപ്രദേശത്ത് തന്നെ മോഷണം നടത്തും. ഫോണ്‍ ചെവിയില്‍ വെച്ച് ആരോടോ സംസാരിക്കുന്നതു പോലെയാണ് ഇയാള്‍ നടക്കുക. അതിനാല്‍ ആരും ഇയാളെ സംശയിക്കാറില്ല. മോഷണം നടത്താന്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ സൂക്ഷമമായി നിരീക്ഷിക്കുന്ന ആളാണ് പവാറെന്ന് പോലിസ് പറയുന്നു. പകലായിരിക്കും വീടുകളില്‍ കയറുക. നീല്‍കാന്ത് റാവുത്ത് എന്നയാളാണ് മോഷണമുതല്‍ വിറ്റുനല്‍കുക. ഇയാള്‍ ഒളിവിലാണ്.