ഡെലിവറി ഏജന്റ് 22കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കമ്മീഷണര്‍; യുവതിക്കെതിരേ കേസെടുക്കും

Update: 2025-07-07 03:39 GMT

പൂനെ: ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന 22കാരിയായ ഐടി ജീവനക്കാരിയുടെ പരാതി വ്യാജമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍. നിലവില്‍ യുവതി നല്‍കിയ പരാതിയിലെ നടപടികള്‍ അവസാനിപ്പിച്ച ശേഷം വ്യാജ ആരോപണത്തിന് യുവതിക്കെതിരേ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതി പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ 'പ്രതിയെ' പിടികൂടിയെന്നും അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് മനസിലായെന്നും കമ്മീഷണര്‍ പറഞ്ഞു.

ഒരു ഡെലിവെറി ഏജന്റ് തന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി സ്േ്രപ അടിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് ജൂലൈ രണ്ടിന് യുവതി പരാതി നല്‍കിയത്. ഇതോടെ പൂനെ നഗരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു. തുടര്‍ന്ന് 500 പോലിസുകാര്‍ പലതരത്തില്‍ പ്രതിക്കായി അന്വേഷണം നടത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി യുവതിയുമായി അടുപ്പമുള്ളയാളായിരുന്നു അത്. ഇയാള്‍ മുറിയില്‍ അതിക്രമിച്ചു കയറിയില്ലെന്നും മയക്കു സ്‌പ്രേ ഉപയോഗിച്ചില്ലെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യാതെ നോട്ടീസ് മാത്രം നല്‍കി വിട്ടു.