ആദ്യം പുറത്തിറങ്ങുക പള്‍സര്‍ സുനി

Update: 2025-12-12 12:24 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഇനി അനുഭവിക്കേണ്ടത് 12.5 വര്‍ഷം തടവ്. കേസില്‍ 20 വര്‍ഷമാണ് സുനിക്ക് തടവ് ശിക്ഷ ലഭിച്ചതെങ്കിലും അയാള്‍ ഏഴര വര്‍ഷം തടവ് അനുഭവിച്ചു. ഇതോടെ കേസില്‍ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുന്നയാളും സുനിയായിരിക്കും. രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. വിചാരണത്തടവുകാരനായി ഏഴു വര്‍ഷം മാര്‍ട്ടിന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറയ്ക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.

കേസുമായി ബന്ധപ്പെട്ട് ഒരുപാട് സെന്‍സേഷണലിസം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, അവയൊന്നും കോടതിയെ ബാധിക്കുന്നതല്ലെന്നും നിയമകാര്യങ്ങള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളതെന്നും വിധി പ്രസ്താവത്തിന് ആമുഖമായി കോടതി പറഞ്ഞിരുന്നു. പ്രതികളുടെ പൂര്‍വകാലചരിത്രവും കോടതി പരിഗണിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മുന്‍പ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. മറ്റു പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചില്ലെങ്കില്‍ പോലും സുനിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതീക്ഷ.