സന്‍ആ: നബിദിനത്തിന്റെ ഭാഗമായി 3,349 തടവുകാരെ വിട്ടയച്ച് യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍. പ്രവാചകന്‍ പ്രബോധനം ചെയ്ത കരുണ, സഹിഷ്ണുത, നീതി എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തീരുമാനമാണ് എടുത്തതെന്ന് അറ്റോണി ജനറല്‍ അബ്ദുല്‍സലാം അല്‍ ഹൂത്തി അറിയിച്ചു. ശിക്ഷ കാലാവധി പൂര്‍ണമാവുന്നതിന് മുമ്പ് തന്നെ പരോള്‍ നല്‍കാനുള്ള ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 509ാം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. മൊത്തം ശിക്ഷയുടെ മൂന്നില്‍ രണ്ട് അനുഭവിച്ചവര്‍ക്കും ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ച്ച വച്ചവര്‍ക്കുമാണ് മോചനം. ജയില്‍ ശിക്ഷ പൂര്‍ത്തിയായിട്ടും ദാരിദ്ര്യം മൂലം പിഴത്തുക അടക്കാന്‍ കഴിയാത്തവരെ സര്‍ക്കാര്‍ സഹായിക്കും. പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സാമൂഹിക സംയോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള നീക്കമാണ് നടന്നതെന്നും അബ്ദുല്‍സലാം അല്‍ ഹൂത്തി പറഞ്ഞു.