പത്തനംതിട്ട അനാഥാലയത്തിലെ പീഡനം ?; നടത്തിപ്പുകാരിയുടെ മകന്‍ പ്രതി

Update: 2025-07-17 05:47 GMT

പത്തനംതിട്ട: അടൂരിലെ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം മറച്ചുവെക്കാന്‍ മകനെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചുവെന്നും പറയപ്പെടുന്നു. അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്.


കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി എട്ടാം മാസം പ്രസവിച്ചതോടെയാണ് സംഭവം വിവാദമായത്. ഇരുവരുടെ വിവാഹവും പിന്നീട് കുട്ടി ജനിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവാഹവും അതിനു ശേഷം യുവതി പ്രസവിച്ച തീയതിയും ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ കണ്ടവര്‍ക്കുണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് എത്തിയത്.

പതിനെട്ടുവയസിന് മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും അത് മറച്ചുവയ്ക്കാന്‍ വിവാഹം നടത്തിയെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. പെണ്‍കുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തത്.